
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുത്തു. ഡിസിസി വൈസ് പ്രസിഡന്റാണ് നിജി ജസ്റ്റിൻ. കെപിസിസി സെക്രട്ടറി എ. പ്രസാദ് ഡപ്യൂട്ടി മേയറാകും. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തൃശൂർ ജനങ്ങൾക്ക് നൽകുന്ന ക്രിസ്മസ്–പുതുവത്സര സമ്മാനമാണിതെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രതികരിച്ചു.
മേയർ സ്ഥാനത്തിനായി ഡോ. നിജി ജസ്റ്റിൻ, സുബി ബാബു, ലാലി ജയിംസ് എന്നീ മൂന്ന് പേരുകളാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. ഓരോ വിഭാഗവും ശക്തമായി നിലപാടെടുത്തതോടെ ചർച്ചകൾ നീണ്ടു. കെപിസിസി തലത്തിൽ നിജി ജസ്റ്റിനെ പിന്തുണച്ച തീരുമാനമുണ്ടായിരുന്നുവെങ്കിലും, ലാലി ജയിംസിനെ അനുകൂലിച്ച് ചില കൗൺസിലർമാർ രംഗത്തുവന്നത് തർക്കങ്ങൾക്ക് വഴിവെച്ചു.
പാർലമെന്ററി പാർട്ടിയിൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന ആവശ്യം ഉയർന്നെങ്കിലും, ഇത്തവണ കോൺഗ്രസ് അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ജില്ലാ നേതൃത്വം കൗൺസിലർമാരെ നേരിൽകണ്ട് അഭിപ്രായങ്ങൾ തേടിയാണ് തീരുമാനത്തിലേക്ക് എത്തിയത്.











